|
ഒന്നാം ഭാഗം
അമ്മാവിയമ്മയുടെ കാല്‍പ്പെട്ടി കള്ളത്താക്കോലിട്ടു തുറന്നു രാധ മോഷ്ടിച്ചുതരുന്ന പണംകൊണ്ടല്ലാതെ ഉടുതുണിപോലും വാങ്ങാന്‍ നിര്‍വാഹമില്ലാത്ത ദാരിദ്ര്യത്തില്‍ ഞാന്‍ ഉഴലുന്പോഴാണ്, കാലനും വൈദ്യനുമായി വലിയ വടംപിടിത്തം നടന്ന പ്രസവകാലസന്നിയുടെ നടുവില്‍ രാധയുടെ രണ്ടാമത്തെ പ്രസവം നടന്നത്. എന്‍റെ സീമന്തപുത്രന്‍ അപ്പുക്കുട്ടനു രണ്ടുവയണ്ടായി; രാധ രണ്ടാമതും ഗര്‍ഭം ധരിച്ചപ്പോള്‍ എന്‍റെ അച്ഛന്‍ മരിക്കയാല്‍ അതുവരെ രാധയുടെ അമ്മയച്ഛന്മാരുടെ ബഹുമാനാദരപൂര്‍വമായ വാത്സല്യത്തിനു പാത്രമായിരുന്ന ഞാന്‍ അവരുടെ കണ്ണിനു വിനായകചതുര്‍ത്ഥിയായിത്തീര്‍ന്നു.
ഭാര്യാപുത്രാദികളെ അച്ഛന്‍ ലാളിക്കുന്നവിധം കണ്ട് അരിശം വിഴുങ്ങി വിമ്മിഷ്ടപ്പെട്ടിരുന്ന അനന്തരവന്മാര്‍ അച്ഛന്‍റെ പതിനാറടിയന്തിരം കഴിയുന്നതുവരെ അടങ്ങിയിരുന്ന ബഹുമതി അവര്‍ക്കു നിശ്ചയമായും നല്‍കിയേ തീരു. 17ാം ദിവസം ഉദയാല്‍പരം 12 നാഴിക പുലരുന്നതിനു മുന്പായി അമ്മയേയും, മൂന്നു ചെറുകിടാങ്ങളോടുകൂടി അച്ഛന്‍റെ മൂത്ത അനന്തരവന്‍റെ വിധവയായിത്തീര്‍ന്നിരുന്ന എന്‍റെ സഹോദരിയേയും എന്നെയും അവര്‍ കളരിവാതുക്കലെ ചെന്പിട്ട പടിപ്പുരവഴി പുറത്താക്കി;
|
|
അച്ഛന്‍റെ സഹോദരി സമുദായാചാരം അനുസരിച്ച് വച്ചുനീട്ടിയിട്ട് അമ്മ വാങ്ങാതെ ഇറങ്ങിപ്പോന്ന "ഒഴുപുടവ' അമ്മയുടെ പിന്നാലെ, "വേണമെങ്കില്‍ കൊണ്ടുപോടീ' എന്ന് പറഞ്ഞ് എറിഞ്ഞുകൊടുത്തുകൊണ്ട് അവര്‍ പടിപ്പുരവാതലും ബന്ധിച്ചു. മരുമക്കത്തായത്തിന്‍റെ നിഷ്ഠുരതയെന്നല്ലാതെ അവരുടെ ദുഷ്ടതയെന്ന് ഇതിനെ വ്യാഖ്യാനിച്ചുകൂടല്ലൊ.
|
|