|
ശകുനി
രാജസൂയം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയശേഷം ദുര്യോധനനും ശകുനിയും കുറേ ദിവസംകൂടി ഇന്ദ്രപ്രസ്ഥത്തില്‍ താമസിച്ച് മയനിര്‍മ്മിതമായ മനോഹരമന്ദിരത്തിന്‍റെ ശില്പവൈചിത്ര്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഹസ്തിനപുരത്തിലാകട്ടെ മററു എവിടെയെങ്കിലുമാവട്ടെ ആ മാതിരി ശില്പകൌശലങ്ങള്‍ അതിനുമുന്പ് ദുര്യോധനന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു ദിക്കില്‍ ഒരു സ്ഫടികക്കല്‍ത്തളം കണ്ടു ജലാശയമെന്നുഭ്രമിച്ചു സുയോധനന്‍ വസ്ത്രങ്ങള്‍ ചുരുക്കി. മറെറാരിടത്ത് ഒരു ജലാശയം കണ്ടു സ്ഫടികത്തിളക്കമാണെന്നു ഭ്രമിച്ചു നടന്നു അതില്‍ ചാടി വസ്ത്രമെല്ലാം ഈറനായി. ദുര്യോധനനു പററിയ ഈ അമളി കണ്ട് ഭീമന്‍ കൈകൊട്ടിച്ചിരിച്ചു. അതുകണ്ടു സഹജന്മാരും പാഞ്ചാലിയും ഭൃത്യന്മാരും ചിരിച്ചു. വേറൊരിടത്തു സ്ഫടികക്കതകുണ്ടെന്നറിയാതെ വാതിലില്‍ ചെന്നുമുട്ടി. മറെറാരു വാതിലില്‍ കതകുണ്ടെന്നു ഭ്രമിച്ചു കതകു തുറപ്പാനായി തപ്പി. ഇങ്ങനെ പിണഞ്ഞ പ്രമാദങ്ങള്‍ ദുര്യോധനനു വല്ലാത്ത മനശ്ശല്യത്തെ ഉണ്ടാക്കിത്തീര്‍ത്തു. ആകപ്പാടെ രാജസൂയം കഴിഞ്ഞ് അസൂയാലുവും അസന്തുഷ്ഠ ചിത്തനുമായി ദുര്യോധനന്‍ ഹസ്തിനപുരത്തേക്കു മടങ്ങി.
|
|
വഴിക്ക് ആ ദുര്‍ബുദ്ധിയുടെ ഈര്‍ഷ്യാകലുഷമായ ചിന്ത മുഴുവനും പാണ്ധവന്മാരുടെ ഐശ്വര്യത്തിനും കീര്‍ത്തിക്കും ഉണ്ടായ വര്‍ദ്ധനയേയും സുധര്‍മ്മയെ ജയിക്കുന്ന പാണ്ധവസഭയെയും കുറിച്ചുതന്നെയായിരുന്നു. തന്നെ അനുഗമിച്ചിരുന്ന പ്രിയമാതുലനായ ശകുനിയോടുപോലും ചിന്താഭാരത്താല്‍ അയാള്‍ യാതൊന്നും സംസാരിച്ചില്ല.
|
|