|
അനാഥനായ ബാലന്‍
കുംഭമാസം. ശുക്ലപക്ഷത്തിലെ ഏകാദശി. ഇവ രണ്ടും ചേര്‍ന്നാല്‍ രാത്രിയുടെ ഭംഗി പറയാനില്ലല്ലൊ. വിഷ്ണുപദം' പ്രാപിച്ചു സുഖമനുഭവിക്കുന്ന സുകൃതികളുടെ ആത്മാക്കളെ പോലെ, സ്വയം പ്രകാശമുള്ള അനന്തകോടി നക്ഷത്രങ്ങള്‍ ആകാശമണ്ധലത്തെ അലങ്കരിക്കുന്നു. അവയ്ക്കു വൃദ്ധിക്ഷയങ്ങളും സ്ഥാനഭ്രംശവും ഇല്ല. ആകാശചക്രവര്‍ത്തിയായ സൂര്യന്‍റെ പാര്‍ശ്വസേവകരായി അലഞ്ഞുനടക്കുന്ന' ഗ്രഹങ്ങളാണു നക്ഷത്രങ്ങളേക്കാള്‍ പ്രതാപം കാണിച്ച് പ്രകാശിക്കുന്നത്. ജീവികളുടെ സുഖദുഖങ്ങളെ നിയമനം ചെയ്യുന്നത് ഈ അലഞ്ഞുതിരിയുന്ന പ്രതാപശാലികളാണെന്നു മനുഷ്യന്‍ വിശ്വസിക്കുന്നു. തനിക്കുള്ളതല്ലാത്ത പ്രഭകൊണ്ടു ചന്തംകാട്ടുന്ന ചന്ദ്രന്‍ ദ്വിജരാജാ'വെന്നുള്ള സ്ഥാനപ്പേരോടുകൂടി നിശാനാഥനായും തീര്‍ന്നിരിക്കുന്നു. കാടും കുന്നും തടവും ഒന്നും കൂടാതെ തൂന്പക്കാട്ട് മൈതാനം ആറേഴു നാഴിക നീളംവീതിയില്‍ വിജനമായി കിടന്നിരുന്നു. മൈതാനത്തിലെ, തരിപ്പഞ്ചസാരപോലെ നിര്‍മ്മലമായ വെള്ളമണലില്‍ ചന്ദ്രരശ്മിതട്ടിയാലുള്ള ശോഭ കവികളുടെ ഹൃദയത്തിനല്ലാതെ അവരുടെ വാക്കിനു വിഷയമല്ല.
|
|
മൈതാനത്തിന്‍റെ നടുവില്‍കൂടി കിഴക്കുപടിഞ്ഞാറായി ഒരു നടക്കാവുള്ളതിന്‍റെ ഇരുവശവും
പയന്, പുന്ന, അരയാല്‍, പ്ലാവ്, മാവ് മുതലായ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു.
വേനല്‍ക്കാലത്തു പകല്‍സമയം ഈ മൈതാനത്തിലെ ചുടുമണലില്‍ തട്ടി വരുന്ന കാറ്റ്
സുഖകരമായിരിക്കുകയില്ലെങ്കിലും, രാത്രികാലങ്ങളില്‍ തുന്പക്കാട്ട് മൈതാനത്തിലെ
കാറ്റേറ്റാല്‍ ഇന്പം തോന്നാത്തവര്‍ ഉണ്ടയിരിക്കയില്ല.
|
|