എല്ലാവരും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പാലാഴിയും ഇളകും
ഭഗവാന്‍ വിശ്വരക്ഷാപരനാണെങ്കിലും മൂപ്പത്തിമുക്കോടി ദേവന്മാരും മററു മൂര്‍ത്തികളും ഒക്കെക്കൂടിച്ചേര്‍ന്നു പ്രാര്‍ത്ഥിച്ചെങ്കിലേ ഉറക്കമുണര്‍ന്നു വിശ്വഭരണം നടത്തുകയുള്ളൂ. ഈ വാസ്തവം ഈഴവരും ഉണര്‍ന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
നാനാഭാഗങ്ങളില്‍ നിന്നു ന്യായമായ വഴിക്കു നമ്മുടെ പ്രാര്‍ത്ഥനകള്‍ പുറപ്പെടണം. മൂന്നു മൂര്‍ത്തികളും വൈഷ്ണവന്മാരും ശാക്തേയന്മാരും ഇതെന്തെന്നു കണ്ണുതുറന്നു നോക്കണം. അവരും കൂടി നമ്മോടു ചേര്‍ന്നു പ്രാര്‍ത്ഥിക്കാന്‍ ഇടവരുത്തണം. എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ പാലാഴി ഇളകും, അമൃതുതെളിയും, ജരാനരകള്‍ ഒഴിഞ്ഞു ശാപമോക്ഷവും ലഭിക്കും. അതിനാല്‍ എല്ലാവരും പ്രാര്‍ത്ഥിപ്പിന്‍! ഈഴവപ്രതിനിധികള്‍ നമ്മുടെ നാവായിട്ടുമാത്രം ഈ പ്രാര്‍ത്ഥന അനന്തശയനത്തില്‍ എത്തിക്കട്ടെ! ഇതൊക്കെ കഴിഞ്ഞിട്ടാവാം മതം മാറണമോ, മാറുകയാണെങ്കില്‍ എങ്ങോട്ടുമാറണം; പൂണൂല്‍ ഇടണമോ, ഇടുകയാണെങ്കില്‍ എത്ര ഇടണം എന്നും മററും ആലോചിക്കുന്നത്. തൊഴുംതോറും തൊഴിക്കുകയും, തൊഴിക്കുംതോറും തൊഴുകയും രണ്ടും വളരെക്കാലം ഇനി നടന്നുകൂടാ!
ദേശാഭിമാനി 1918
|