|
തന്‍റെ ഭര്‍ത്താവും അനുജനും ചങ്ങാടം തുഴഞ്ഞുകൊണ്ടിരിക്കുന്പോള്‍ സീത തന്‍റെ കൈകള്‍ മടക്കി മാറോടണച്ചുവെച്ചുകൊണ്ടിരുന്നു. ചങ്ങാടം തരക്കേടൊന്നും കൂടാതെ അതിവേഗത്തില്‍ മറുകരയില്‍ എത്തി. അവര്‍ കരയ്ക്കിറങ്ങി. സ്ഥലം അപരിചിതം. വനം അതിഭയങ്കരം. ലക്ഷ്മണന്‍ വഴിതെളിക്കുന്നതിനു മുന്പില്‍ നടന്നു, സീത മദ്ധ്യത്തിലും രാമന്‍ പുറകിലും ആയി യാത്ര ആരംഭിച്ചു. ലക്ഷ്മണന്‍ കൂടക്കൂടെ ആ ഭയങ്കരമായ വനത്തിലെ വൃക്ഷങ്ങളില്‍നിന്നു വിശേഷമായ ഫലങ്ങളും മനോഹരങ്ങളായ പുഷ്പങ്ങളും പറിച്ചു സീതയ്ക്കു കൊടുത്തുകൊണ്ടിരുന്നു. മുന്പില്‍ കണ്ടിട്ടില്ലാത്ത വല്ല വൃക്ഷത്തേയോ, ലതയേയോ, പുഷ്പത്തേയോ, ഫലത്തേയോ കണ്ടാല്‍ ജിജ്ഞാസയോടുകൂടി സീത തിരിഞ്ഞു തന്‍റെ ഭര്‍ത്താവിനോടു അതിനെക്കുറിച്ചു പലതും ചോദിക്കുകയും, അതിന്‍റെ പേരും ഗുണവും മനണ്ടിലാക്കുകയും ചെയ്തു. ലക്ഷ്മണന്‍, സീതയ്ക്കു ജിജ്ഞാസ ജനിപ്പിച്ച ആ മനോഹരങ്ങളും, നൂതനങ്ങളും ആയ പുഷ്പങ്ങളും, ഫലങ്ങളും പറിച്ചു സീതയ്ക്കു കൊടുത്തുകൊണ്ടിരുന്നു. യമുനയുടെ പുളിനത്തില്‍ കൂട്ടംകൂട്ടമായി വന്നുകൂടി കളിച്ചുസുഖിക്കുന്ന അരയന്നങ്ങളെ ഔല്‍സുക്യത്തോടെ സീത നോക്കി രസിക്കയും, അവയുടെ കളകളസ്വരത്തില്‍ അവളുടെ മനണ്ടു ലയിക്കയുംചെയ്തു. ഇപ്രകാരം രണ്ടു നാഴിക ദൂരത്തോളം നടന്നപ്പോള്‍ വനത്തിന്‍റെ ഗംഭീരമായ ഭാഗം കടന്നു. അനന്തരം ഒരു മാനിനെ കൊന്നു ഭക്ഷണം കഴിച്ചു. മയൂരങ്ങള്‍ ഉത്സാഹത്തോടുകൂടി അവരുടെ ചുറ്റും പറന്നുകൊണ്ടിരുന്നു. വാനരങ്ങള്‍ വൃക്ഷശാഖകളില്‍ ചാടിക്കളിച്ചുകൊണ്ടിരുന്നു. അവരുടെ ദീര്‍ഘയാത്രയുടെ അഞ്ചാമത്തെ രാത്രിയും ഇപ്രകാരം വനത്തില്‍ സുഖമായി കഴിച്ചു. നേരം പുലര്‍ച്ചയായപ്പോള്‍ രാമന്‍ സീതയെ വിളിച്ചുണര്‍ത്തി. മൂന്നുപേരും നദിയില്‍ ഇറങ്ങി കുളിച്ചു പരിശുദ്ധരായി ചിത്രകൂടത്തിലേയ്ക്കു യാത്രയായി. രാമന്‍ സീതയോട് ഇപ്രകാരം പറഞ്ഞു:
|
|
"പ്രിയേ! മനോഹരങ്ങളായ ഈ വനപ്രദേശങ്ങളെ ഭവതി കാണുന്നില്ലയോ? സകല വൃക്ഷങ്ങളും, പുഷ്പങ്ങളും, ചെടികളും മനോഹരമായ സൂര്യപ്രഭ ഏറ്റു സ്വര്‍ണകാന്തിയോടുകൂടി ശോഭിക്കുന്നു. വികസിച്ചിരിക്കുന്ന കിംശുകപുഷ്പങ്ങളെയും വില്വത്തെയും ഭവതി നോക്കുക. വിശിഷ്ടമായ ഭക്ഷണം ഇവ നമുക്കു ധാരാളമായി തരുന്നുണ്ട്. വൃക്ഷശാഖകളില്‍ തൂങ്ങുന്ന പക്ഷികളുടെ കൂടുകളെ ഭവതി നോക്കുക. അഭിനവങ്ങളായ പുഷ്പങ്ങളില്‍നിന്ന് എത്ര ഉത്സാഹത്തോടുകൂടി തേനീച്ചകള്‍ മധുവിനെ കവര്‍ന്നുകൊണ്ടു പോകുന്നു. മയില്‍പേടകള്‍ ചിലപ്പോള്‍ ദൂരത്തില്‍നിന്നു ഭയത്തോടെ പുറപ്പെടുവിക്കുന്ന ശബ്ദം എത്ര സ്പഷ്ടമായും മധുരമായും കേള്‍ക്കുന്നു. മയിലുകള്‍ അവയെ ആശ്വസിപ്പിക്കാന്‍ എന്നപോലെ സുരഭികളായ പുഷ്പങ്ങളെക്കൊണ്ട് പൂര്‍ണമായിരിക്കുന്ന വനങ്ങളില്‍ നിന്നുകൊണ്ടു കേകാരവം മുഴക്കുന്നു. ഈ വനത്തിലെ ഭയങ്കരങ്ങളായ സ്ഥലങ്ങളില്‍ ആനകള്‍ സസ്വൈരമായി സഞ്ചരിക്കുന്നു. യോഗ്യന്മാരും പരിശുദ്ധന്മാരുമായ മഹര്‍ഷിമാര്‍ക്കു വളരെ താല്പര്യമുള്ളതായ ചിത്രകൂടം ഇതാ കാണപ്പെടുന്നു. മഹര്‍ഷിമാരുടെ ഭക്തിരസപ്രധാനങ്ങളായ ഗാനങ്ങളുടെ മാറ്റൊലി ശാന്തമായ ഈ വനപ്രദേശത്തില്‍ കൂടക്കൂടെ വ്യാപിച്ചുകൊണ്ടിരിക്കും. ഛായാപൂര്‍ണമായ ഈ സ്ഥലത്തു നമുക്കു സസ്വൈരമായി കാലയാപനം ചെയ്യാം.''
അനന്തരം രമ്യങ്ങളായ ആ വനപ്രദേശങ്ങളില്‍കൂടി അവര്‍ നടന്നുതുടങ്ങി. വിശേഷമായ ഫലകുസുമങ്ങള്‍ വൃക്ഷശാഖകളെ അലങ്കരിച്ചിരുന്നു. പക്ഷികള്‍ വൃക്ഷങ്ങളില്‍ പാടിക്കൊണ്ടിരുന്നു. അവിടവിടെ പൂങ്കാവുകള്‍തോറും മഹര്‍ഷിമാര്‍ താമസിച്ചിരുന്നു. മനോഹരമായും പരിശുദ്ധമായും ഉള്ള ഒരു ശാന്തത സര്‍വത്ര വ്യാപിച്ചിരുന്നു. അവര്‍ സാവധാനമായി നടന്നു പരമഭക്തനും മഹാപൂജ്യനും ആയ വാല്മീകിമഹര്‍ഷിയുടെ പുണ്യാശ്രമത്തില്‍ എത്തി. പുണ്യാത്മാവായ ആ മഹര്‍ഷി ഒരു പിതാവിന്‍റെ വാത്സല്യത്തോടുകൂടി അവരെ സല്‍ക്കരിച്ചു. പവിത്രമായ ചിത്രകൂടത്തില്‍ മനശ്ശാന്തിയോടുകൂടി പാര്‍ത്തുകൊള്ളുന്നതിനും അവരോടു പറഞ്ഞു.
|
|