"ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്'' എന്നുള്ള തൃപ്പാദങ്ങളിലെ ധര്‍മ്മോപദേശം ശിഷ്യസംഘം ഇപ്പോള്‍ മുദ്രാവാക്യമായി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ ഇതു ശരിയായ ഒരു ധര്‍മ്മോപദേശം തന്നെയോ എന്നു പലരും സംശയിക്കുകയും ചിലര്‍ അതിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. മഹാത്മാഗാന്ധി ഈ ആശ്രമം സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തിനു ഇതിലുള്ള വിപ്രതിപത്തി പ്രസ്താവിക്കയുണ്ടായി. അതു മാത്രമല്ല, പലരും ഈ ഉപദേശത്തെ പലപ്രകാരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഈ വ്യാഖ്യാനങ്ങളില്‍ പലതും കേട്ടിട്ടു ""വ്യാഖ്യാതാക്കന്മാരില്‍ നിന്നു എന്നെ രക്ഷിക്കണേ'' എന്ന് ആശാന്‍ (കുമാരനാശാന്‍) പ്രാര്‍ത്ഥിച്ചതല്ലാതെ ശരിയായ വ്യാഖ്യാനം എന്തെന്ന് അദ്ദേഹവും പറഞ്ഞിട്ടില്ല. തൃപ്പാദങ്ങളില്‍ നിന്നു ഇതിനു ശരിയായ ഒരു വ്യാഖ്യാനം അരുളിച്ചെയ്തെങ്കിലല്ലാതെ എത്ര യുക്തിയുക്തമായി ഞങ്ങളൊക്കെ വ്യാഖ്യാനിച്ചാലും ജനങ്ങള്‍ അതില്‍ പൊതുവേ തൃപ്തരായിത്തീരുന്നതല്ല.