സ്വാമി: "പല മതസാരവുമേക''മെന്നതിനെപ്പററി ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടോ ?
ഞാന്‍: അതിലും ആക്ഷേപമുണ്ടെന്നു വാദിക്കാവുന്നതാണ്. ആസ്തിക മതത്തിന്‍റെയും നാസ്തിക മതത്തിന്‍റെയും സാരമൊന്നല്ലല്ലൊ?
 
സ്വാമി: മതമെന്ന വാക്കിന്‍റെ നാനാര്‍ത്ഥമാണു ഈ ഭ്രമത്തെ ഉണ്ടാക്കുന്നത്. നാസ്തികവാദം ചില വ്യക്തികള്‍ പുറപ്പെടുവിച്ചിട്ടുള്ള "അഭിപ്രായങ്ങള്‍'' മാത്രമാണ്. അതു ഒരിക്കലും ഒരു ജനസമുദായത്തിന്‍റെ മതമായി ഇരുന്നിട്ടില്ല.  
ഞാന്‍: ബുദ്ധമതത്തേയും ചിലര്‍ നാസ്തിക മതമെന്നു പറയുന്നുണ്ട്.
 
സ്വാമി: അതു ശരിയാണോ? നിങ്ങളൊക്കെ ബുദ്ധമതപക്ഷക്കാരല്ലേ?
 
ഞാന്‍: ഈശ്വരവിശ്വാസം എന്നാല്‍ ആരെക്കുറിച്ചു അല്ലെങ്കില്‍ എന്തിനെക്കുറിച്ച് ഉള്ള വിശ്വാസമെന്നു, ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ചു തന്നെ സൂക്ഷ്മബോധമില്ലാത്തവരുടെ ആക്ഷേപമാണു ഇതെന്നാണു ഞാന്‍ അറിഞ്ഞിടത്തോളം ബുദ്ധമതത്തെക്കുറിച്ചു എനിക്കുള്ള വിശ്വാസം.
 
സ്വാമി: ബുദ്ധമതം നാസ്തിക മതമായിരിക്കാന്‍ ഇടയില്ല. ശുദ്ധ നാസ്തിക മതത്തില്‍ ഇത്ര വലിയ ഒരു ജനസമുദായത്തിനു ഇത്ര ദീര്‍ഘകാലം വിശ്വാസം നിലനില്‍ക്കുകയെന്നുള്ള സംഭാവ്യമല്ല. കുഞ്ഞുരാമന്‍ നാസ്തികനോ ആസ്തികനോ എന്നു ഇപ്പോഴുള്ള വിശ്വാസത്തെ അപഗ്രഥനം ചെയ്തു തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടോ ?
 
ഞാന്‍: ഉണ്ട്. എന്‍റെ ദൃഢമായ വിശ്വാസം ഇതേവരെ ഞാന്‍ ആസ്തികനെന്നാണ്.
 
സ്വാമി: നാസ്തികവാദം ചെയ്തുവരുന്നു എന്നു കേട്ടിട്ടുണ്ട്.  
ഞാന്‍: എന്നെക്കുറിച്ചു അങ്ങനെ കേട്ടതു അത്ഭുതമല്ല. നാസ്തികന്മാരെ ഖണ്ധിക്കാന്‍ ശ്രമിച്ചിട്ടുള്ള ആസ്തികരോടും, ആസ്തികരെ ഖണ്ധിക്കാന്‍ ശ്രമിച്ചിട്ടുള്ള നാസ്തികരോടും ഞാന്‍ വാദിച്ചിട്ടുണ്ട്.
 
സ്വാമി: വാദത്തിനുവേണ്ടി വാദിക്കരുത്. സംശയനിവൃത്തിക്കും, തത്വപ്രകാശനത്തിനും വേണ്ടി വാദിക്കാം. ആസ്തിക മതങ്ങള്‍ക്ക് ബാഹ്യരൂപത്തിലല്ലാതെ ആഭ്യന്തര രൂപത്തില്‍ വ്യത്യാസമുണ്ടോ ?
 
ഞാന്‍: ചില സംഗതികള്‍ ആലോചിച്ചാല്‍ ആഭ്യന്തരരൂപത്തിലും വ്യത്യാസമുണ്ടെന്നു പറയേണ്ടിയിരിക്കുന്നു.
 
സ്വാമി: എന്താണു വ്യത്യാസം?
 
ഞാന്‍: ഈ പ്രപഞ്ചം ഒരു സ്രഷ്ടാവു സൃഷ്ടിച്ചതാണെന്നും അതല്ല ബ്രഹ്മത്തില്‍ നിന്നും പരിണാമവാദികള്‍ പറയുന്പോലെ ആകാശം, വായു, അഗ്നി ഇത്യാദി പഞ്ചഭൂതങ്ങള്‍ ഉണ്ടായി അവയുടെ അന്യോന്യം സംശ്രയത്താലും സംശ്രയാഭാവത്താലും കാലാന്തരത്തില്‍ ഉണ്ടായി വന്നതാണെന്നും, അതുപോലെ തന്നെ ആത്മാവു ശൂന്യത്തില്‍ നിന്നു സ്രഷ്ടാവു സൃഷ്ടിച്ചതാണെന്നും അതല്ല ബ്രഹ്മത്തിന്‍റെ തന്നെ അംശം അഥവാ ബ്രഹ്മം തന്നെയാണെന്നും പുനര്‍ജ്ജന്മമുണ്ടെ ന്നും ഇല്ലെന്നും, കര്‍മ്മവിശ്വാസം ശരിയാണെന്നും അല്ലെന്നും മതങ്ങള്‍ ആഭ്യന്തര തത്വങ്ങളില്‍ തന്നെ ഭിന്നങ്ങളായി കാണപ്പെടുന്നുണ്ട്.  
 
     
 
  Previous Page  
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution