ഞാന്‍: ‍മതപരിവര്‍ത്തനോത്സാഹം സമുദായമദ്ധ്യത്തില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. ചിലര്‍ ബുദ്ധമതം നന്നെന്നും, ചിലര്‍ ക്രിസ്തുമതം നന്നെന്നും ചിലര്‍ ആര്യസമാജം നന്നെന്നും ഇങ്ങനെ ഉത്സാഹം പല വഴിക്കായിട്ടാണു കണ്ടുവരുന്നത്. മതപരിവര്‍ത്തനം ആവശ്യമില്ലെന്നു പറയുന്നവരും ഉണ്ട്.
സ്വാമി:

മതത്തിനു ആഭ്യന്തരവും ബാഹ്യവുമായ രണ്ടു വശങ്ങള്‍ ഉണ്ട്. ഇവയില്‍ ഏതിനാണ് പരിവര്‍ത്തനം വേണമെന്നു പറയുന്നത്? ബാഹ്യമായ മാററത്തിനാണുത്സാഹമെങ്കില്‍ അതു മതപരിവര്‍ത്തനമല്ല. സമുദായ പരിവര്‍ത്തനമാണ്. ആഭ്യന്തര മതത്തിനു പരിവര്‍ത്തനം ചിന്താശീലമുള്ള ഓരോ വ്യക്തികളിലും, ക്രമേണ സംഭവിച്ചുകൊണ്ടു തന്നെയിരിക്കുന്നു. അതു വിജ്ഞാന വര്‍ദ്ധനയോടുകൂടി സ്വാഭാവികമായി മാറുകയല്ലാതെ, ആര്‍ക്കും മാററുവാന്‍ കഴിയുന്നതല്ല. ഹിന്ദുമതം ക്രിസ്തുമതം എന്നിങ്ങനെ പ്രത്യേക നാമങ്ങളാല്‍ അറിയപ്പെടുന്ന മതങ്ങളില്‍ വിശ്വാസമില്ലെന്നു വന്നാല്‍ അയാള്‍ ആ മതം മാറുക തന്നെയാണു വേണ്ടത്. വിശ്വാസമില്ലാത്ത മതത്തില്‍ ഇരിക്കുന്നത് ഭീരുതയും കപടവുമാണ്. അവന്‍ മതം മാറുന്നത് അവനും നന്നാണ്, അവനു വിശ്വാസമില്ലാതായ മതത്തിനും നന്നാണ്. ഒരു മതത്തിനും ആ മതത്തില്‍ അവിശ്വാസികളുടെ സംഖ്യ വര്‍ദ്ധിക്കുന്നതു ശ്രേയസ്കരമല്ലല്ലൊ.

 
ഞാന്‍: ഹിന്ദു മതത്തില്‍ തന്നെ ഇരിക്കണമെന്നു പറയുന്നവര്‍ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്.  
സ്വാമി: അപ്പോള്‍ അവര്‍ ഹിന്ദുക്കള്‍ക്കു മാത്രമല്ല, ഹിന്ദുമതത്തിനും കൂടി പരിവര്‍ത്തനം വേണമെന്നു പറയുകയാണ്. ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലൊ. ഹിന്ദുസ്ഥാന നിവാസികളെ ഹിന്ദുക്കള്‍ എന്നു വിദേശീയര്‍ പറഞ്ഞുവന്നു. ഹിന്ദുസ്ഥാന നിവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കില്‍ ഹിന്ദുസ്ഥാനത്ത് ഇപ്പോള്‍ അധിവസിക്കുന്ന ക്രിസ്ത്യാനികളുടേയും മുഹമ്മദീയരുടേയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല; സമ്മതിക്കുന്നുമില്ല. ഇപ്പോള്‍ ഹിന്ദുമതമെന്നു പറയുന്നതു ക്രിസ്തുമതം മുഹമ്മദുമതം മുതലായി ഹിന്ദുസ്ഥാനത്തിനു വെളിയില്‍ നിന്നു വന്ന മതങ്ങള്‍ ഒഴിച്ചു ഹിന്ദുസ്ഥാനത്തില്‍ തന്നെ ഉത്ഭവിച്ചിട്ടുള്ള മതങ്ങള്‍ക്കുള്ള ഒരു പൊതുപ്പേരാകുന്നു. അതുകൊണ്ടാണു ബുദ്ധമതം, ജൈനമതം മുതലായവയും ഹിന്ദുമതം തന്നെയെന്നു ചിലര്‍ പറയുന്നത്. വൈദികമതം, പൌരാണികമതം,സാംഖ്യമതം, വൈശേഷികമതം, മീമാംസകമതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവമതം എന്നിങ്ങനെ പ്രത്യക്ഷത്തില്‍ വിഭിന്നങ്ങളായിരിക്കുന്ന അനേകമതങ്ങള്‍ക്കു എല്ലാററിനും കൂടി ഹിന്ദുമതം എന്നു ഒരു പൊതുപ്പേരു പറയുന്നതു യുക്തിഹീനമല്ലെങ്കില്‍ മനുഷ്യജാതിക്കെല്ലാററിനും മോക്ഷപ്രാപ്തിക്കു ഉപയുക്തങ്ങളായി ദേശകാലാവസ്ഥകള്‍ അനുസരിച്ചു ഓരോ ആചാര്യന്മാര്‍ ഈഷദീഷല്‍ ഭേദങ്ങളോടുകൂടി ഉപദേശിച്ചിട്ടുള്ള എല്ലാ മതങ്ങള്‍ക്കും കൂടി ഏകമായ ലക്ഷ്യത്തോടുകൂടിയ ""ഏകമതം'' എന്നുപറയുന്നതില്‍ എന്തിനാണു യുക്തിഹീനതയെ സംശയിക്കുന്നത്?  
ഞാന്‍: ഈ വിഷയത്തില്‍ പ്രമാദം കൊണ്ടുള്ള വഴക്കുകള്‍ ഹിന്ദുക്കള്‍ക്കു മാത്രമല്ല അഹിന്ദുക്കള്‍ക്കും ഉണ്ട്. ക്രിസ്തുവിനു മുന്പുള്ള മോശയുടെയും ശലോമോന്‍റെയും ക്രിസ്തുവിനു പിന്പുള്ള സെന്‍റു പോളിന്‍റേയും ഉപദേശങ്ങളും കൂടി ക്രിസ്തുമതം എന്ന ഒരു ഒററപ്പേരിനകത്തു അടക്കുകയാണു ക്രിസ്തുമതക്കാരും ചെയ്തിരിക്കുന്നത്.  
     
 
  Previous Page  
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution