സ്വാമി: |
ഏറെക്കുറെ എല്ലാ മതക്കാരും അങ്ങനെ തന്നെ ചെയ്തിരിക്കുന്നു. ഒരു മതാചാര്യന്‍റെ പേരില്‍ പല ആചാര്യന്മാരുടെ ഉപദേശങ്ങളടക്കി അതിനെ ഒരു മതമെന്ന പേര്‍ വിളിക്കാമെങ്കില്‍, പല പല ആചാര്യന്മാരാല്‍ സ്ഥാപിതങ്ങളായ എല്ലാ മതങ്ങളേയും ചേര്‍ത്തു അതിനു ഒരു മതമെന്നോ, ഏക മതമെന്നോ, മനുഷ്യമതമെന്നോ, മാനവധര്‍മ്മമെന്നോ എന്തുകൊണ്ടു ഒരു പൊതുപ്പേരിട്ടുകൂടാ? അങ്ങനെ ചെയ്യുന്നതു യുക്തിഭംഗവും അസംബന്ധവുമാണെങ്കില്‍ ഈ അസംബന്ധവും യുക്തിഭംഗവും ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന എല്ലാ മതങ്ങള്‍ക്കും ഏറെക്കുറെ സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഏകത്വത്തില്‍ നാനാത്വവും, നാനാത്വത്തില്‍ ഏകത്വവും അവനവന്‍റെ മതത്തെ സംബന്ധിച്ചു ചാതുര്യത്തോടെ പ്രസംഗിക്കുന്നവര്‍ക്കു മനുഷ്യജാതിയുടെ മതത്തെ പൊതുവില്‍ എടുത്തു അതിന്‍റെ ഏകത്വത്തില്‍ നാനാത്വവും നാനാത്വത്തില്‍ ഏകത്വവും കാണ്മാന്‍ കഴിയാതെ വന്നതു ആശ്ചര്യമായിരിക്കുന്നു. മഹാത്മജി ഇവിടെ വന്നപ്പോള്‍ ചെയ്ത പ്രസംഗത്തില്‍ ആശ്രമമുററത്തു നില്ക്കുന്ന ഒരു മാവിനെ ചൂണ്ടിക്കാണിച്ചു അതിന്‍റെ ശാഖകളും ഇലകളും എങ്ങിനെ ഒന്നിനൊന്നു ഭിന്നമായിരിക്കുന്നുവോ അതുപോലെ മനുഷ്യരിലുള്ള വ്യക്തികളും ഭിന്നരായിരിക്കും; ഈ ഭിന്നത ഉള്ള കാലത്തോളം മനുഷ്യരുടെ മതങ്ങളും ഭിന്നങ്ങളായിരിക്കാനേ നിവൃത്തിയുള്ളു എന്നു പറകയുണ്ടായി. ശരിയാണു മഹാത്മജി പറഞ്ഞത്. എന്നാല്‍ നൈയായികദൃഷ്ട്യാ അതിനെ പരിശോധിക്കുന്നതായാല്‍ ഓരോ വ്യക്തിക്കും ഓരോ മതമുണ്ടെന്നു സമ്മതിക്കേണ്ടിവരും. അങ്ങനെയായാല്‍ ഹിന്ദുവായ രാമനും ഹിന്ദുവായ കൃഷ്ണനും ഒരു മതമല്ല വിശ്വസിക്കുന്നത്; 20 കോടി ഹിന്ദുക്കള്‍ക്ക് ഇരുപതു കോടി മതങ്ങളുണ്ടെന്നു വന്നുകൂടും. വാസ്തവം അതു തന്നെയാണെങ്കിലും ചില സാമാന്യ ലക്ഷണങ്ങള്‍ ഈ ഇരുപതു കോടിയുടേയും വിശ്വാസങ്ങളില്‍ ഉള്ളതുകൊണ്ടു അവരെ ഒരു മതക്കാര്‍ എന്നു പറയുന്നു. അതുപോലെ എല്ലാ മതക്കാരുടേയും വിശ്വാസങ്ങള്‍ക്കു ചില സാമാന്യലക്ഷണങ്ങള്‍ ഉള്ളതുകൊണ്ടു മനുഷ്യരെല്ലാം ഒരു മതക്കാര്‍ തന്നെയാണ്. സനാതനമായ ഏതെങ്കിലും ഒരു ധര്‍മ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനില്‍ക്കുവാന്‍ കഴിയുന്നതല്ല. സാഹോദര്യത്തിനു മുഹമ്മദുമതവും സ്നേഹത്തിനു ക്രിസ്തുമതവും മുഖ്യത കല്പിക്കുന്നു. എന്നാല്‍ സാഹോദര്യം സ്നേഹത്തെയും സ്നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണു ശ്രേഷ്ഠം, അതല്ല സ്നേഹമാണു ശ്രേഷ്ഠം എന്നു വിവാദം ഉണ്ടാകുന്നു എങ്കില്‍ അതിനെ വൃഥാ വിവാദം എന്നല്ലാതെ പറയാന്‍ തരമുണ്ടോ? സനാതനധര്‍മ്മങ്ങള്‍ തുല്യപ്രധാനങ്ങളാണ്. ദേശ കാലാവസ്ഥകളാല്‍ നേരിടുന്ന ആവശ്യങ്ങള്‍ അനുസരിച്ചു അവയില്‍ ഏതിനെങ്കിലും ഒന്നിനു മുഖ്യത കല്പിക്കേണ്ടതു ആവശ്യമായി വരും. ഹിംസ കലശലായിരിക്കുന്ന ദേശകാലങ്ങളില്‍ അഹിംസാധര്‍മ്മത്തിനു ജഗല്‍ ഗുരുക്കന്മാര്‍ മററു ധര്‍മ്മങ്ങളേക്കാള്‍ മുഖ്യത കല്പിക്കും. ബുദ്ധന്‍റെ കാലത്തു ഹിംസ കലശലായിരുന്നു. അതിനാല്‍ അഹിംസാധര്‍മ്മത്തിനു ബുദ്ധന്‍ മുഖ്യത കല്പിച്ചു. നബിയുടെ കാലത്തു അറേബിയായില്‍ സാഹോദര്യത്തിനു മുഖ്യത കല്‍പ്പിക്കേണ്ടതു ആവശ്യമായിരുന്നിരിക്കാം. അതിനാല്‍ അദ്ദേഹത്തിന്‍റെ മതത്തില്‍ സാഹോദര്യത്തിനു മുഖ്യത കാണുന്നു. ഇന്നു ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഉള്ള മത്സരത്തില്‍നിന്നു മോചനം, സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളേയും എല്ലാവരും പഠിച്ചറിയുവാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂര്‍വ്വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല മദം നിമിത്തമാണെന്ന് അപ്പോള്‍ മനണ്ടിലാവും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്തമിക്കും.
|
|